Sunday, 4 November 2012

രാഷ്ട്രീയം (ഒരു TP അനുസ്മരണം)


ചുടുചോര നുരയുന്ന തെരുവുകളിലാകെയും
പടനിലത്തിന്റെ വിഭ്രാന്തിയില്ല
ഉള്ളതാനെങ്കിലോ നീന്തിത്തുടിക്കാ-
നൊരുങ്ങുന്ന കുഞ്ഞിനൊക്കും കൌതുകം
നാളെ ഈ ഞാനും ഒടുങ്ങും സഖേ
ബലിക്കല്ലിലെന്‍ തല നീ ചവിട്ടിപ്പിടിക്കും
മഴുവിന്‍ തണുപ്പെന്റെ കണ്ഠം മുറിക്കുമ്പോള്‍
ചിരി നിന്റെയാണെന്നും ഞാനറിയും

അറിയാത്തവര്‍ക്കാത്മഹത്യയാണെങ്കിലും
 ഹൂതിയാണറിവേറി വന്നവര്‍ക്ക്
പിന്നില്‍ വിലപിച്ചു നിലവിളിക്കുന്നോര്‍ക്ക്
വിലപിക്കാനുതകുന്നോരോര്‍മ്മ മാത്രം
നിലനില്‍ക്കും ഞാനെന്നു മനസ്സ് ചൊല്ലുമ്പോഴും
മറകൂട്ടി എന്തെ മറച്ചു വെപ്പൂ
മറവിയില്‍ മായാതെ മരണത്തിന്‍ ശേഷവും
മധുരമാമോര്‍മ്മകള്‍ മിഴിയിതളില്‍

വരുമെന്റെ കാലമെന്നുയരെ വിളിക്കുമ്പോള്‍
വരവെല്പൂ അന്ത്യത്തെ ഞാനീ വഴി
വരവാട്ടെ എന്നെ പിരിയാതിരിക്കാനായ്
വഴികേള്‍പ്പൂ എന്‍റെ സതീര്‍ത്ഥരോടായ്
വഴികള്‍ പിരിഞ്ഞാലും പ്രിയസുഹൃത്തെ നീയെന്‍
പ്രിയനായിതന്നെ നിലകൊള്ളണം
ചിന്തയും തത്വവും ഭിന്നമാണെങ്കിലും
നാവിലെല്ലാം നാടിന്‍ നന്മ മാത്രം

നാളെയും നേരം പുലരുമെന്നും നാട്
നമ്മുടെതാണെന്നുമോര്‍ക്കണം നാം
പണിയുന്നു നാം നമുക്കായ് തന്നെ നരകവും
സ്വര്‍ഗമെന്തേ പണിയാനമാന്തം
ചോരചിന്തേണ്ടനാള്‍ ചോരയില്ലെങ്കിലോ
സിരകളില്‍ ആവേശമില്ലെങ്കിലോ
ച്ചുടുവിയര്‍പ്പോഴുകേണ്ട കാലത്തോഴുക്കിയ
ചോരച്ചാല്‍ വിലയും അറിഞ്ഞിടേണം !



വളര്‍ച്ച




വളര്‍ച്ച ഒരു അടുക്കലാണ്
തന്നിലും മൂത്തവരോട്
തന്നെ താലോലിച്ചിരുന്നവരോട്
തന്നെ ചെറുതെന്ന് ചൊല്ലി
പുറം തള്ളിവരോട്
എല്ലാത്തിനുമുപരി ആകാശത്തോട്.
ആ ഉയരത്തില്‍ എത്തിക്കഴിഞ്ഞ്
തിരിഞ്ഞു നോക്കരുത്
കാരണം നഷ്ടങ്ങളുടെ ഇടയില്‍
അമ്മയുടെ സ്നേഹവും
അച്ഛന്റെ വാത്സല്യവും
കൂടപ്പിറപ്പുകളുടെ കരുതലും
ഉള്ളിലെ നിഷ്കളങ്കതയും കാണും
നഷ്ടബോധങ്ങളില്‍ ഉരുകിത്തീരുമ്പോള്‍
ബാക്കിയാവുന്നത് നിസ്സഹായതയുടെ
തളര്‍ന്ന തലോടലുകള്‍ മാത്രം

മഴയും തണുപ്പും


വെള്ളക്കരങ്ങള്‍ കൊണ്ട് തണുപ്പെന്നെ തഴുകവേ
ആ ഇഷ്ടത്തിന് പിന്നിലെ ചതി
ഞാന്‍ തിരിച്ചറിഞ്ഞില്ല
മഴയെ ഇഷ്ടപ്പെട്ടിരുന്ന എന്നെ
എന്തിനാണ് നീ തണുപ്പിക്കുന്നത്
ഞങ്ങളുടെ സംഗമത്തിലെ നിമിഷങ്ങള്‍
എന്തു ഭയമാണ് നിന്നില്‍ ഉണര്‍ത്തിയത്